മൂല്യാധിഷ്ഠിത രാഷ്ട്രീയവുമായി നിലവില്‍വന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നത് കരുതലോടെയുള്ള കാല്‍വെപ്പ്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുടെ രൂപവത്കരണത്തിനും അംഗത്വ വിതരണത്തിന്റെ പൂര്‍ത്തീകരണത്തിനും വേണ്ടുവോളം സമയം അനുവദിച്ചും പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതില്‍ പുതിയ കീഴ്‌വഴക്കത്തിന് തുടക്കമിട്ടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറന്നു വീണത്. രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തുടനീളം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ അംഗത്വ വിതരണവും ഈ കാലയളവുകൊണ്ടാണ് പൂര്‍ത്തിയാക്കുക. പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണിത്. തുടക്കത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടന ഉരുത്തിരിച്ചെടുത്തത്. പേരിന്റെ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും കമീഷന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇല്യാസ് പറഞ്ഞു. നിലവിലുള്ള പാര്‍ട്ടികളുടെ കൊടികളില്‍ നിന്ന് വിഭിന്നമായി സമാന്തരമായി പച്ചയും വെളുപ്പും ചുകപ്പും ക്രമീകരിച്ച ത്രിവര്‍ണ പതാകയില്‍ വികസനത്തിന്റെയും സുഭിക്ഷതയുടെയും അടയാളങ്ങളായാണ് രണ്ട് ഗോതമ്പ് കതിരുകള്‍ പാര്‍ട്ടിയുടെ പേരിനൊപ്പം ആലേഖനം ചെയ്തിരിക്കുന്നത്. മുസ്‌ലിംലീഗ്, മുസ്‌ലിം മജ്‌ലിസ് അടക്കമുള്ള ന്യൂനപക്ഷ സാമുദായിക സംഘടനകളോട് സൗഹാര്‍ദപരമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ ചോദ്യത്തിന് മറുപടി നല്‍കി. ഇതൊരു സാമുദായിക, ന്യൂനപക്ഷ സംഘടനയല്ലാത്തതിനാല്‍ അവരുമായുള്ള മത്സരത്തിന്റെ ചോദ്യമുദിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നീതിപൂര്‍വകമായി പ്രാതിനിധ്യം നല്‍കുന്ന മതേതര സംഘടനയായിരിക്കുമെന്നും എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ധാര്‍മികത തിരിച്ചുകൊണ്ടുവരുക, ദുര്‍ബലര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും ശക്തി പകരുക, വികസനത്തിന്റെ ഫലം തുല്യമായി നീതിപൂര്‍വം വിതരണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനല്ല, ജനപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണനയെന്നും പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭനഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിശദീകരിച്ചു. കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ സമ്മതപ്രകാരമാണ് ജനക്ഷേമം മുന്‍ നിര്‍ത്തി താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹിത്വം സ്വീകരിച്ചതെന്നും ഇത്തരത്തില്‍ ഒരു പുരോഹിതന്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്രഹാം ജോസഫ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. പാര്‍ട്ടിയില്‍ നിന്ന് സുതാര്യതക്ക് തുടക്കമിട്ടാണ് രാഷ്ട്രീയത്തിലും ഭരണത്തിലും പാര്‍ട്ടി സുതാര്യത ആവശ്യപ്പെടുന്നത്. സ്വന്തം സംഭാവന സ്വരൂപിച്ചാണ് ആദ്യ പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിന് തുടക്കമിട്ടത്. സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സുതാര്യമായിരിക്കുമെന്ന് ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഉപാധികളോടെ നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടി സ്വീകരിക്കില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത 19 അംഗങ്ങള്‍ 1,70,000 രൂപ സ്വരൂപിച്ച് പ്രവര്‍ത്തക ഫണ്ടിന് രൂപം നല്‍കിയ വിവരം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ പുറത്തുവിട്ടതോടെ പ്രതിനിധികളില്‍ പലരും സ്വന്തം സ്വത്തുക്കളും വരുമാനവും പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു. |
No comments:
Post a Comment