Tuesday, April 12, 2011

വികസനവും സമാധാനവുമാണ് ഇഷ്യു

കേരളത്തിലെ രണ്ടു കോടി മുപ്പത്തൊന്നു ലക്ഷം സമ്മതിദായകരില്‍ ഭൂരിപക്ഷവും നാളെ പോളിങ് ബൂത്തിലെത്തും. അടുത്ത അഞ്ചു വര്‍ഷം തങ്ങളെ ഏത് മുന്നണി ഭരിക്കണമെന്ന് അവര്‍ വിധി എഴുതും. മൂന്നാം ശക്തിയായ ബി.ജെ.പി നിയമസഭയില്‍ അകൗണ്ട് തുറക്കുമെന്നേ അവകാശപ്പെടുന്നുള്ളൂ. ബി.എസ്.പി, എസ്.ഡി.പി.ഐ എന്നീ കക്ഷികള്‍ ബഹുഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ഒരിടത്തുപോലും വിജയപ്രതീക്ഷ ഇല്ല. എത്ര മണ്ഡലങ്ങളില്‍ ജാമ്യ സംഖ്യ തിരിച്ചുകിട്ടും എന്നേ നോക്കാനുള്ളൂ. ഭരിക്കാനുള്ള അവകാശത്തിനായി വോട്ട് ചോദിക്കുന്ന എല്‍.ഡി.എഫും യു.ഡി.എഫും പുതിയ മുന്നണികളല്ല. പതിറ്റാണ്ടുകളായി മാറിമാറി സംസ്ഥാനം ഭരിച്ചവരാണ്. വികസനത്തെയും പുരോഗതിയെയും കുറിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ പഴയതുതന്നെ. സ്വാഭീഷ്ടപ്രകാരമോ നിസ്സഹായരായോ രണ്ടിലൊരു മുന്നണിയെ അധികാരത്തിലേറ്റുകയല്ലാതെ ജനങ്ങള്‍ക്ക് മുമ്പാകെ പോംവഴിയില്ല.

പതിവ് രീതിക്ക് മാറ്റമുണ്ടാവുമെന്നും ഭരണത്തിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു. അതിനവര്‍ നിരത്തുന്നത് ന്യായങ്ങളില്‍ കാതലായത് വികസനപരമായി കേരളത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോവാന്‍ വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാറിന് കഴിഞ്ഞുവെന്നതാണ്. കേരളത്തില്‍ പഴയതുപോലെ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ ഇല്ല. പൂട്ടിക്കിടന്ന പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ പരിപാടിയിലൂടെ പഞ്ചായത്തീരാജ് സംവിധാനത്തെ അര്‍ഥവത്താക്കി. കേരളമാണ് പഞ്ചായത്തീരാജ് ഏറ്റവും നന്നായി സാക്ഷാത്കരിച്ച സംസ്ഥാനമെന്നത് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെങ്കിലും വല്ലാര്‍പാടം കണ്ടെയ്‌നര്‍ യഥാസമയം നടപ്പിലാക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ നേട്ടമാണ്. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി, വിലക്കയറ്റം പിടിച്ചുനിര്‍ത്തി. കേരളത്തില്‍ സമീപകാലത്തൊന്നും മാറാട് പോലുള്ള വര്‍ഗീയ കലാപങ്ങളോ പ്രസ്താവ്യമായ സ്‌ഫോടനങ്ങളോ ഉണ്ടായില്ല. ക്രമസമാധാനം താരതമ്യേന ഭദ്രമാണ്. അലീഗഡ് യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് അഞ്ചു സംസ്ഥാനങ്ങളില്‍ ഇതിനകം നിലവില്‍ വരേണ്ടതായിരുന്നുവെങ്കിലും പെരിന്തല്‍മണ്ണയില്‍ മാത്രമാണ് അത് യാഥാര്‍ഥ്യമാക്കാനായത്. ന്യൂനപക്ഷ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും പുതിയവക്ക് അംഗീകാരം നല്‍കിയും പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചും മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായി. ഇനിയുമൊരവസരം തന്നാല്‍ ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കേരളത്തെ വികസിപ്പിക്കും എന്നാണ് ഇടതു സര്‍ക്കാറിന്റെ വാഗ്ദാനം.

ഈയവകാശവാദങ്ങളെ അപ്പാടെ നിരസിക്കുന്ന വലതുപക്ഷ മുന്നണി വികസനം വല്ലതും നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ഉദാരമായ കേന്ദ്ര സഹായത്താലാണെന്ന് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പദ്ധതികള്‍തന്നെ നടപ്പാക്കാന്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതുകൊണ്ട് കേരളം മറ്റു സംസ്ഥാനങ്ങളുടെ പിറകിലായി. മദ്യ, ലോട്ടറി മാഫിയകള്‍ സംസ്ഥാനത്ത് തഴച്ചുവളര്‍ന്നത് ഇടതു ഭരണത്തിലാണ്. നരേന്ദ്രന്‍ കമീഷന്‍ ചൂണ്ടിക്കാട്ടിയ പിന്നാക്ക സമുദായങ്ങളുടെ തസ്തികാ നഷ്ടം നികത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണപക്ഷത്തെ ഭിന്നതയും വിഭാഗീയതയും രൂക്ഷമായതിനെ തുടര്‍ന്ന് ഭരണ സ്തംഭനത്തിനുപോലും കേരളത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഇപ്പോഴും മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ല. മതന്യൂനപക്ഷത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായങ്ങള്‍ മുടക്കുകയും മതത്തെതന്നെ പാഠപുസ്തകങ്ങളിലൂടെ അവഹേളിക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്തത് എന്നും യു.ഡി.എഫ് വാദിക്കുന്നു. ഇനിയത്തെ അവസരം തങ്ങള്‍ക്ക് നല്‍കിയാല്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കേരളത്തെ ക്ഷേമ സംസ്ഥാനമാക്കി മാറ്റുമെന്നും മുന്നണി അവകാശപ്പെടുന്നു.

തീര്‍ച്ചയായും ഈ തരത്തിലും തലത്തിലുമുള്ള സംവാദങ്ങള്‍ ആരോഗ്യകരമായി നടക്കുകയും ഭാവി കേരളത്തെ കുറിച്ച് സുതാര്യവും സുവ്യക്തവുമായ കാഴ്ചപ്പാട് ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ജനവിധി അര്‍ഥപൂര്‍ണവും ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് ചേര്‍ന്നതും ആയേനെ. പക്ഷേ വികസനത്തെയും അഴിമതിമുക്ത സാമൂഹിക ജീവിതത്തെയും കുറിച്ച ചര്‍ച്ചകളേക്കാള്‍ അന്തരീക്ഷത്തെ മുഖരിതമാക്കിയത് തീര്‍ത്തും ബാലിശങ്ങളും വൈകാരികവുമായ ആരോപണപ്രത്യാരോപണങ്ങളാണ്. മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിനെക്കുറിച്ച അദ്ദേഹത്തിന്റെ ആനുഷംഗികമായ ഒരു പരാമര്‍ശത്തെ ഹിമാലയത്തോളം പെരുപ്പിച്ചുകാട്ടി യു.ഡി.എഫ് നേതാക്കളും മാധ്യമങ്ങളും. ഒടുവില്‍ ഇലക്ഷന്‍ കമീഷനു മുന്നില്‍ ചട്ടലംഘനമായി പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ എല്ലാ രേഖകളും പരിശോധിച്ചശേഷം പരാതി തള്ളിക്കൊണ്ടായിരുന്നു കമീഷന്റെ തീര്‍പ്പ്. അപ്പോഴേക്ക് മൂന്ന് കോടി കേരളീയര്‍ ആ മാന്യവനിതക്ക് എന്തോ പറയാന്‍ പാടില്ലാത്ത ഭൂതകാലമുണ്ടെന്ന് ധരിക്കാനിടയായത് മിച്ചം! വി.എസ്. അച്യുതാനന്ദന്‍ വലതുപക്ഷ നേതാക്കളുടെ അഴിമതിയും പെണ്‍വാണിഭ കേസും മുഖ്യ കാമ്പയിന്‍ ഇഷ്യുവാക്കിയപ്പോള്‍ മറുപക്ഷവും അദ്ദേഹത്തിന് നേരെയുള്ള വ്യക്തിപരമായ ആക്രമണം ശക്തിപ്പെടുത്തേണ്ടിവന്നു. കേന്ദ്ര നേതാക്കളുടെ ഇടപെടലിനുപോലും പ്രചാരണത്തിന്റെ പൊതുഗതിക്ക് തടയിടാനായില്ല. കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ഗാന്ധിയാകട്ടെ വി.എസിന്റെ പ്രായത്തിന്മേല്‍ കയറിപ്പിടിച്ചു. അമുല്‍ ബേബി പ്രയോഗത്തിലൂടെ അച്യുതാനന്ദന്‍ തിരിച്ചടിക്കുകയും ചെയ്തു.

കൂനിന്മേല്‍ കുരുവെന്നവണ്ണം, കേരളത്തിലെയോ തെരഞ്ഞെടുപ്പിലെയോ മുഖ്യവിഷയമല്ലാത്ത തീവ്രവാദത്തിലേക്കും ഒടുവില്‍ പ്രചാരണം വഴുതിവീണു. സംസ്ഥാനത്ത് എന്‍.ഐ.എ ഏറ്റെടുത്ത ചില കേസുകളിലെ നാള്‍വഴി ക്രമത്തിലല്ലാതെ ഇപ്പോഴെവിടെയും തീവ്രവാദവും ഭീകരതയും ചര്‍ച്ചാവിഷയമേ അല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ മീഡിയയും യു.ഡി.എഫും മഹാപാതകമായി കൊണ്ടാടിയ പിണറായി വിജയന്റെ മഅ്ദനിയുമായി വേദി പങ്കിടല്‍ കാര്യം ഭൂരിപക്ഷം സമുദായ മനസ്സുകളെ സ്വാധീനിച്ചുവെങ്കിലും ഇത്തവണ അബ്ദുന്നസര്‍ മഅ്ദനി ബംഗളൂരൂവിലെ തടവറയില്‍ കഴിയുകയും പി.ഡി.പിയുമായി ഇടതുപക്ഷത്തിന് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാകുകയും ചെയ്തിരിക്കെ തീവ്രവാദ ചര്‍ച്ചക്ക് ഒരു പ്രസക്തിയും ഇല്ലാതായി. അങ്ങനെയിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍വെച്ച് സി.പി.എം സെക്രട്ടറി പിണറായി വിജയനെ കണ്ട സംഭവം ആനക്കാര്യം പോലെ ഉയര്‍ന്നുവന്നത്. ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് രാജി പ്രഖ്യാപിച്ച ഹമീദ് വാണിമേല്‍, അതിന് കാരണമാക്കിയത് ജമാഅത്തെ ഇസ്‌ലാമിയുടെ സി.പി.എമ്മിനെ പിന്തുണക്കാന്‍ തീരുമാനിച്ചതാണെന്ന് അവകാശപ്പെട്ടതാണ് യു.ഡി.എഫിനും വലതുപക്ഷ മീഡിയക്കും ആയുധമായത്. സി.പി.എമ്മിനെയല്ല ജമാഅത്തിനെയാണ് ഹമീദ് ഉന്നംവെച്ചതെങ്കിലും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാനായിരുന്നു സ്വാഭാവികമായും യു.ഡി.എഫ് നേതാക്കള്‍ക്ക് താല്‍പര്യം. പക്ഷേ, പിന്തുണ തേടി ഇടതു നേതാക്കള്‍ മാത്രമല്ല വലതു നേതാക്കളും ജമാഅത്തിനെ സമീപിച്ചതായി അതിന്റെ നേതാവ് വ്യക്തമാക്കിയതോടെ ഈ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. സി.പി.എമ്മിനെ പിന്തുണച്ചതാണ് ജമാഅത്ത് വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന ഹമീദിന്റെ അാവകാശവാദത്തില്‍ വല്ല കഴമ്പുമുണ്ടോ എന്നന്വേഷിക്കാന്‍ ഇക്കൂട്ടര്‍ മിനക്കെട്ടുമില്ല. വാസ്തവത്തില്‍ ഇടതുമുന്നണി ഭരണം വിഭാഗീയതയും സ്വരച്ചേര്‍ച്ചയില്ലായ്മയും മൂലംഏറ്റവും മോശമായ സന്ദര്‍ഭത്തില്‍ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ രണ്ടിടങ്ങളിലൊഴിച്ച് ഇടതുമുന്നണിക്കായിരുന്നു. അന്നതില്‍ ഒരപാകതയും കാണാതെ ആ നിലപാട് വിജയിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഒരാളാണ് ഹമീദ്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സി.പി.എമ്മും ഇടതുമുന്നണിയും തെറ്റുകള്‍ തിരുത്തുകയും ഭരണം പരമാവധി മെച്ചപ്പെടുത്തുകയും ചെയ്തപ്പോള്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഹമീദിനുണ്ടായ മനംമാറ്റം! ഇനി ഹമീദിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമ്മതിച്ചാല്‍ത്തന്നെ ഇടതുമുന്നണിയെ ജമാഅത്ത് പിന്തുണക്കുന്നത് ശരിയല്ല എന്നല്ലാതെ ഭരണം പുനഃസ്ഥാപിക്കാന്‍ യു.ഡി.എഫിന് ഒരവസരം നല്‍കണമെന്ന വാദത്തിനെന്തടിസ്ഥാനം? രണ്ടു മുന്നണിയെയും പിന്തുണക്കാതെ വിട്ടുനില്‍ക്കുകയാണ് ജമാഅത്ത് ചെയ്യേണ്ടത് എന്നല്ലേ ഹമീദ് വാദിക്കേണ്ടിയിരുന്നത്? ഇവിടെയാണ് ദുരൂഹത നിലനില്‍ക്കുന്നത്.

ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ നയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ 124 മണ്ഡലങ്ങളില്‍ പിന്താങ്ങുന്നു, 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെയും. ഏറനാട് മണ്ഡലത്തില്‍ ആരെയും തുണക്കുന്നില്ല. ഈ തീരുമാനത്തിന്റെ ന്യായാന്യായതകളും സംഘടനയുടെ അമീര്‍ പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കാതിരുന്നിട്ടില്ല. അതിനോട് വിയോജിക്കുന്നവരുണ്ടാവാം, തീരുമാനം തെറ്റായി എന്നും അഭിപ്രായപ്പെടാം. എന്നാല്‍, മുസ്‌ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ് ഏറ്റവും വിചിത്രമായ പ്രതികരണം. 'ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ യു.ഡി.എഫിന് വേണ്ട. അതുമൂലം ഭൂരിപക്ഷ വോട്ടുകളും സുന്നി വോട്ടുകളും നഷ്ടപ്പെടുകയേ ഉള്ളൂ' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒന്നാമതായി യു.ഡി.എഫിനെ പിന്തുണക്കുന്നതായി ജമാഅത്ത് പ്രഖ്യാപിച്ചിട്ടില്ല. പകരം, സ്ഥാനാര്‍ഥികളെയാണ് പിന്തുണക്കുന്നത്. ജമാഅത്തിന്റെ വോട്ട് വേണമെന്നും അത് സ്വീകാര്യമാണെന്നും അറിയിച്ച യു.ഡി.എഫിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുമ്പോള്‍ അത് വേണ്ടെന്ന് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയല്ല, ബന്ധപ്പെട്ട സ്ഥാനാര്‍ഥികളാണ്. രണ്ടാമതായി, യു.ഡി.എഫ് എന്നാല്‍ മുസ്‌ലിംലീഗോ കുഞ്ഞാലിക്കുട്ടിയോ അല്ല; അവരതില്‍ ഒരു ഘടകം മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ജമാഅത്തിന്റെ വോട്ട് വേണ്ടെന്നു പറയാന്‍ തയാറായിട്ടില്ല. ആര്യാടന്‍ മുഹമ്മദ് പോലും മിണ്ടാതിരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ ഉറഞ്ഞുതുള്ളല്‍. കുഞ്ഞാലിക്കുട്ടിയുടെ ധാര്‍ഷ്ട്യ നിലപാടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് വന്‍ തിരിച്ചടിയായതെന്ന് കരുതുന്നവര്‍ ലീഗില്‍ തന്നെ ധാരാളമുണ്ട്. തദടിസ്ഥാനത്തിലാണ് തെറ്റുതിരുത്തല്‍ രേഖ പിന്നീട് അംഗീകരിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടിയെ നല്ല നടപ്പിന് ശിക്ഷിച്ചതും. എല്ലാം മറന്ന് പഴയതിലേക്കുള്ള തിരിച്ചുപോക്ക് സ്വന്തം പാര്‍ട്ടിക്ക് മാത്രമാണ് ദോഷം ചെയ്യുക, ജമാഅത്തെ ഇസ്‌ലാമിക്കല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കുഞ്ഞാലിക്കുട്ടി നിരസിച്ചപ്പോഴും ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ പരോക്ഷ സഹായവും വോട്ടും വേണ്ടെന്ന് അദ്ദേഹം പറഞ്ഞില്ലെന്നതും ശ്രദ്ധേയം. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും ബി.ജെ.പിയുമായുണ്ടാക്കിയ രഹസ്യ ധാരണയാണ് കാരണം. സാക്ഷാല്‍ വര്‍ഗീയ ഫാഷിസ്റ്റുകളുടെ പിന്തുണ സ്വീകരിച്ചാലും തീര്‍ത്തും സമാധാനപൂര്‍വം പ്രവര്‍ത്തിക്കുന്ന ഒരു ന്യൂനപക്ഷ സംഘടനയുടെ നിരുപാധികമായ പിന്തുണപോലും വേണ്ടെന്ന് പറയാനുള്ള ധാര്‍ഷ്ട്യത്തിന് നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്നാണ് ചരിത്രം നല്‍കുന്ന പാഠം.

ചുരുക്കത്തില്‍ സാങ്കല്‍പികമായ തീവ്രവാദവും ഭീകരതയുമല്ല, വികസനവും അഴിമതിയില്‍നിന്നും ധര്‍മച്യുതിയില്‍നിന്നുള്ള മുക്തിയുമാണ് കേരളത്തിന്റെ പ്രശ്‌നങ്ങള്‍. അവയാണ് പരിഹാരം തേടുന്ന പ്രശ്‌നങ്ങള്‍ എന്നെങ്കിലും തിരിച്ചറിയുന്നവര്‍ക്ക് അനുകൂലമായേ പ്രബുദ്ധ കേരളത്തിലെ സമ്മതിദായകര്‍ വിലപ്പെട്ട ജനാധിപത്യാവകാശം ഉപയോഗിക്കാവൂ.

http://www.madhyamam.com/?q=news/68178/110412

 

 

No comments:

Post a Comment